പാലാവയൽ: ഉരുൾപൊട്ടലും മലവെള്ളവും മൂലമുണ്ടായ ആഘാതങ്ങൾ മായുംമുമ്പ് പാലാവയലിലും സമീപപ്രദേശങ്ങളിലും കാട്ടാനഭീതി. ഇന്നലെ രാവിലെ കർണാടക വനത്തിൽനിന്ന് കാര്യങ്കോട് പുഴ നീന്തിയെത്തിയ ഒറ്റയാൻ പാലാവയൽ ടൗണിനെ ഒരു മണിക്കൂറോളംനേരം ആശങ്കയുടെ മുൾമുനയിൽ നിർത്തി.
രാവിലെ 7.30 ഓടെ പാലാവയൽ-പുളിങ്ങോം പാലത്തിലൂടെ കടന്നുപോയവരാണ് പുഴ കടന്ന് പാലാവയലിലേക്ക് ആന വരുന്നതുകണ്ടത്. നീണ്ട കൊമ്പുകളുള്ള ആനയായിരുന്നു. പാലത്തിനടുത്തുവച്ച് കരയ്ക്കു കയറിയ ആന തൈക്കൽ ജോൺ തോമസിന്റെ കൃഷിയിടത്തിലാണ് എത്തിയത്.
തുടർന്ന് അടുത്തുള്ള കോൾഡ് സ്റ്റോറേജ്, വളക്കട എന്നിവയുടെ പിന്നിലെത്തി. നാട്ടുകാർ ബഹളം വച്ചതോടെ കയറിവന്ന വഴിക്ക് തന്നെ തിരിച്ച് പുഴയിലിറങ്ങി. പുഴയുടെ നടുവിലുള്ള തുരുത്തിൽ കയറി അവിടെനിന്ന് തിരിച്ച് വനത്തിലേക്കുതന്നെ നീങ്ങിയതോടെയാണ് തത്കാലം ഭീതി ഒഴിവായത്.
ഓടപ്പള്ളി മുതൽ പാലാവയൽ ടൗൺ വരെയുള്ള 750 മീറ്റർ ദൂരം പുഴയോരത്ത് വൈദ്യുത വേലി നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും ഇതുവരെ പണി തുടങ്ങിയിട്ടില്ല. ഓടപ്പള്ളിക്കു സമീപം നിലവിലുള്ള വൈദ്യുത വേലി കഴിഞ്ഞദിവസത്തെ മലവെള്ളപ്പാച്ചിലിൽ മാലിന്യങ്ങൾ കുടുങ്ങിയും മറ്റും പല ഭാഗങ്ങളും തകരാറിലായ നിലയിലാണ്. ഇതുമൂലം കഴിഞ്ഞ ദിവസം ഓടപ്പള്ളി ഭാഗത്ത് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തി നാശം വിതച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാലാവയലിലും എത്തിയത്.
മുൻവർഷങ്ങളിൽ രാത്രികാലങ്ങളിൽ പാലാവയലിന്റെ തൊട്ടടുത്തുവരെ കാട്ടാനയെത്തിയിരുന്നെങ്കിലും പകൽവെളിച്ചത്തിൽ ആനയിറങ്ങുന്നത് കുടിയേറ്റകാലത്തിനുശേഷം ആദ്യമായിട്ടാണെന്ന് നാട്ടുകാർ പറയുന്നു.